National
ന്യൂഡൽഹി: ബിസിസിഐ ഭരണപരമായ കാര്യങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് മുൻ പ്രസിഡന്റും ബിജെപി നേതാവുമായ അനുരാഗ് സിംഗ് ഠാക്കൂറിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി സുപ്രീംകോടതി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യാഴാഴ്ചയാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. 2017-ൽ പുറപ്പെടുവിച്ച ഉത്തരവ് പരിഷ്കരിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. ഒൻപത് വർഷത്തോളം ഠാക്കൂർ ക്രിക്കറ്റ് ഭരണരംഗത്തുനിന്നും വിട്ടുനിന്നുവെന്നും, ഈ കാലയളവ് ശിക്ഷയായി കണക്കാക്കാമെന്നും കോടതി നിരീക്ഷിച്ചു.
2017-ലെ വിലക്ക് ഒരിക്കലും ഒരു ആജീവനാന്ത വിലക്കായി ഉദ്ദേശിച്ചിട്ടുള്ളതല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തെറ്റായ സത്യവാംഗ്മൂലം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ഠാക്കൂർ നേരത്തെ തന്നെ ഉപാധികളില്ലാത്ത മാപ്പപേക്ഷ നൽകിയിരുന്നു. ഇത് കണക്കിലെടുത്താണ് വിലക്ക് പിൻവലിക്കാൻ കോടതി തീരുമാനിച്ചത്. ഇതോടെ ബിസിസിഐയുടെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി അദ്ദേഹത്തിന് വീണ്ടും ഭരണപരമായ പദവികൾ വഹിക്കാൻ സാധിക്കും.
2017 ജനുവരിയിലാണ് ലോധ കമ്മിറ്റി പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയതിനും കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനും അനുരാഗ് ഠാക്കൂറിനെ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുപ്രീംകോടതി നീക്കിയത്. അന്ന് മുതൽ ക്രിക്കറ്റ് ബോർഡുമായുള്ള എല്ലാ ബന്ധങ്ങളിൽ നിന്നും അദ്ദേഹത്തെ വിലക്കിയിരുന്നു.
National
ന്യൂഡല്‍ഹി: തെരുവ് നായ പ്രശ്നവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ, മൃഗസംരക്ഷണ പ്രവര്‍ത്തകയും ബിജെപി നേതാവുമായ മേനക ഗാന്ധിക്കെതിരെയും മൃഗസ്നേഹികളുടെ വാദങ്ങള്‍ക്കെതിരെയും സുപ്രീംകോടതിയില്‍ രൂക്ഷവിമര്‍ശനം.
തെരുവ് നായകളെ അവയുടെ ആവാസവ്യവസ്ഥയില്‍ നിന്ന് മാറ്റാന്‍ പാടില്ലെന്ന മേനക ഗാന്ധിയുടെയും എന്‍ജിഒകളുടെയും നിലപാട് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വിവിധ സംസ്ഥാനങ്ങള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു.
നായകളെ വന്ധ്യംകരണത്തിന് ശേഷം പിടികൂടിയ സ്ഥലത്ത് തന്നെ തിരികെ വിടണമെന്ന നിയമം കൊണ്ടുവരാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് ഇത്തരം സംഘടനകളാണെന്ന് കോടതിയില്‍ ആരോപണമുയര്‍ന്നു. നായകള്‍ക്ക് മനുഷ്യരേക്കാള്‍ പ്രാധാന്യം നല്കുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
'നായകളോട് അമിതമായ സ്നേഹമുള്ളവര് അവയെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി വളര്‍ത്തട്ടെ, പൊതുജനങ്ങളെ കടിക്കാന്‍ തെരുവില്‍ വിടരുത്' എന്ന് ജസ്റ്റീസ് വിക്രം നാഥ് പരാമര്‍ശിച്ചു. തന്റെ അഭിഭാഷക ജീവിതത്തിൽ മനുഷ്യർക്ക് വേണ്ടി ഇത്രയും ശക്തമായ വാദം താന്‍ കേട്ടിട്ടില്ലെന്നും ജസ്റ്റീസ് വിക്രം നാഥ് പറഞ്ഞു.
മേനക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വാദിക്കുന്ന മൃഗസംരക്ഷണ നിയമങ്ങള്‍ പലപ്പോഴും നായകളെ നിയന്ത്രിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തടസമാകുന്നുവെന്ന് വാദമുയര്‍ന്നു. നായകള്‍ക്ക് ഭക്ഷണം നല്കുന്നവര് അവ കടിക്കുന്നതിനും ഉത്തരവാദികളായിരിക്കണമെന്ന് കോടതി വ്യക്തമാക്കി.
മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും, നായകളുടെ അവകാശങ്ങള്‍ അതിന് താഴെ മാത്രമേ വരൂ എന്നും കോടതിയില്‍ വാദമുയര്‍ന്നു.
തെരുവ് നായകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനും അക്രമങ്ങള്‍ കൂടുന്നതിനും കാരണമാകുന്നത് നിലവിലെ നിയമങ്ങളിലെ അശാസ്ത്രീയതയാണെന്നും അത് തിരുത്തണമെന്നും കോടതിയില്‍ ആവശ്യമുയര്‍ന്നു. തെരുവ് നായകളുടെ ആക്രമണം മൂലമുണ്ടാകുന്ന ഓരോ പരിക്കിനും മരണത്തിനും സംസ്ഥാന സര്‍ക്കാരുകള്‍ വലിയ തുക നഷ്ടപരിഹാരമായി നല്‍കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്കി. കേസില്‍ വാദം തുടരുകയാണ്.
National
ന്യൂഡല്‍ഹി: ഇന്ത്യയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും സിവിൽ, ക്രിമിനല്‍ കേസുകളിലെ വിചാരണയില്‍ നിന്നും ആയുഷ്കാല സംരക്ഷണം നല്‍കുന്നതിനെതിരെ സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023-ലെ നിയമ ഭേദഗതിയെ ചോദ്യം ചെയ്താണ് ഹര്‍ജി. ലോക് പ്രഹരി എന്ജിഒയുടേതാണ് ഹര്‍ജി.
2023-ലെ നിയമ ഭേദഗതി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും അമിതമായ സംരക്ഷണമാണ് നല്‍കുന്നത്. ഇത് സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പുകള്‍ക്ക് ദോഷം ചെയ്യുന്നുവെന്നാണ് ഹര്‍ജയിലെ വാദം.
രാഷ്ട്രപതിക്ക് പോലും ഇത്ര വിശാലമായ നിയമ സംരക്ഷണം ഇല്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഈ ഭേദഗതി ഉടന്‍ തന്നെ നിയമ വകുപ്പ് സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
എന്നാല്‍ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഇപ്പോള്‍ സ്റ്റേ നല്‍കേണ്ട ആവശ്യമില്ലെന്നും ഹര്‍ജിയിലെ വാദങ്ങളില്‍ ഭരണഘടനപ്രകാരം ഇളവ് അനുവദിക്കാമോയെന്ന് വിശദമായി പരിശോധിക്കുമെന്നും വ്യക്തമാക്കി. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
Kerala
ന്യൂഡൽഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഏഴു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റീസ് അമാനുള്ള അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്.
2006 മുതൽ 2011 വരെ ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളായിരുന്ന എം.വി.ജസ്റ്റിൻ, എ.ആർ.പീതാംബരൻ, ടി.എം.പുഷ്പരാജൻ, പി.കെ.കുമാരൻ, കെ.കെ. കൃഷ്ണൻ, കെ.വി.ഷൺമുഖൻ, കെ.എ.നകുലൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് സുപ്രീംകോടതി തള്ളിയത്.
തങ്ങളുടെ കാലയളവിൽ നിക്ഷേപകർക്ക് യാതൊരു സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ല. നയപരമായ കാര്യങ്ങളിലൊന്നും ഇടപെട്ടിട്ടില്ലെന്നും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഇവർക്കു കേസിൽ പങ്കുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.
തുടർന്ന് മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് ഇവർ സുപ്രീംകോടതിയെ സമീപിച്ചത്.
National
ന്യൂഡൽഹി: ഉന്നാവോ പീഡനക്കേസിൽ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കസ്റ്റഡിയിൽ കഴിയുന്ന കുൽദീപ് സെൻഗാറിനെ വിട്ടയക്കരുതെന്നും കോടതി ഉത്തരവിട്ടു.
കേസ് അടുത്തമാസം 20ന് വീണ്ടും പരിഗണിക്കും. ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് കൂടുതൽ വാദത്തിലേക്ക് കടക്കും. അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
സിബിഐയുടെ വാദങ്ങളാണ് പ്രധാനമായും കോടതി കേട്ടത്. സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. ഹീനമായ കുറ്റമാണ് പ്രതി ചെയ്തതെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു. വിചാരണക്കോടതി എല്ലാ വശങ്ങളും പരിശോധിച്ചാണ് വിധി പറഞ്ഞത് എന്നും അദ്ദേഹം വ്യക്തമാക്കി.
പീഡനക്കുറ്റം സംശയാതീതമായി തെളിയിക്കാനായെന്ന് സിബിഐ കോടതിയെ അറിയിച്ചു. വകുപ്പിന്റെ സാങ്കേതികത്വത്തിലാണ് ഹൈക്കോടതി നടപടിയെന്നും സിബിഐ അഭിഭാഷകൻ പറഞ്ഞു.
National
ന്യൂഡൽഹി: ഉന്നാവോ കൂട്ടബലാത്സംഗക്കേസിലെ പ്രതിയായ മുൻ ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതിയിൽ വിധിയിൽ അതൃപ്തി രേഖപ്പെടുത്തി അതിജീവിത. ഹൈക്കോടതി വിധി കുടുംബത്തിന്റെ മരണമാണ്. വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി.
അതിനിടെ വിധിയില്‍ പ്രതിഷേധിച്ച അതിജീവിതയും അമ്മയും ഡല്‍ഹിയില്‍ സിആർപിഎഫിന്റെ കൈയേറ്റത്തിന് ഇരയായി.
കോടതി വിധിക്കെതിരേ ഇന്ത്യാ ഗേറ്റിൽ നടന്ന പ്രതിഷേധത്തിന്റെ പേരിൽ അതിജീവിതയെയും അമ്മയും സാമൂഹ്യപ്രവർത്തക യോഗിത ഭയാനയെയും ചൊവ്വാഴ്ച അറസ്റ്റ്ചെയ്തിരുന്നു. തുടർന്ന് ഇന്നലെ ഇവരെ സിആർപിഎഫ് ബസിൽ പുറത്തേക്കുകൊണ്ടുവന്നപ്പോഴാണ് അതിക്രമം. ഇതിന്റെ ദൃശ്യങ്ങൾ യോഗിത ഭയാന സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
മാധ്യമങ്ങളോട് സംസാരിക്കാൻ ശ്രമിച്ചതിന്റെ പേരിൽ അതിജീവതയുടെ അമ്മയെ സേനാംഗങ്ങൾ തടയുകയും പുറത്തേക്ക് തള്ളിയിടുകയായിരുന്നു. അതിജീവിതയുടെ അമ്മ ബസിന്റെ വാതിലിനടുത്തേക്ക് നീങ്ങിയപ്പോള്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കൈമുട്ടു കൊണ്ട് തട്ടുകയും ബസില്‍നിന്ന് ചാടാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇവർ പുറത്തുചാടിയതോടെ ബസ് നിര്‍ത്താതെ അതിജീവിതയുമായി ഉദ്യോഗസ്ഥര്‍ മുന്നോട്ടുപോയി.
അഭിഭാഷകനെ കാണുന്നതിൽ നിന്ന് അതിജീവിതയെ സിആർപിഎഫ് വിലക്കുന്നതായി പറയപ്പെടുന്ന ഓഡിയോ സംഭാഷണവും യോഗിത ഭയാന സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
ചൊവ്വാഴ്ചയാണു കുല്‍ദീപ് സെന്‍ഗാറിന്റെ ജീവപര്യന്തം തടവുശിക്ഷ ഡൽഹി ഹൈക്കോടതി മരവിപ്പിച്ചത്. 2017 മുതൽ തടവിൽക്കഴിയുന്ന സെൻഗാറിനു കോടതി കർക്കശ ഉപാധികളോടെ ജാമ്യം അനുവദിക്കുകയുമായിരുന്നു.
Kerala
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ സമർപ്പിച്ച മൂൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്നു പരിഗണിക്കും. മൂൻകൂർ ജാമ്യം ആവശ്യപ്പെട്ട് ജയശ്രീ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളുകയായിരുന്നു.
ജസ്റ്റീസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ആരോഗ്യകാരണങ്ങൾ കണക്കിലെടുത്ത് മൂൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയെന്നാണ് ജയശ്രീയുടെ പേരിലുള്ള ആരോപണം.
അതേസമയം, കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. കഴിഞ്ഞ ദിവസം വിശദമായ വാദം കേട്ട കോടതി കേസ് വിധി പറയാനായി മാറ്റുകയായിരുന്നു. ഒക്ടോബര്‍ 23ന് അറസ്റ്റിലായ വാസുവിന് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറിനെ ബുധനാഴ്ച എസ്ഐടി അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.
National
ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനായുള്ള മുൻഗണനാ പട്ടികയിൽ മെറിറ്റ് അവഗണിച്ചെന്ന് ഗവർണർ സുപ്രീംകോടതിയിൽ. മുഖ്യമന്ത്രി ഇടപെട്ടാണ് ഈ നീക്കമെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ സുപ്രീംകോടതിയിൽ ഫയൽചെയ്ത അപേക്ഷയിൽ പറയുന്നു.
സുപ്രീംകോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റീസ് സുധാൻഷു ദുലിയയുടെ അധ്യക്ഷതയിലുള്ള സെർച്ച് കമ്മിറ്റി പാനൽ തയാറാക്കിയത്. എന്നാൽ ഇവർ തയാറാക്കിയ രണ്ട് പട്ടികയിലും സ്ഥാനംപിടിച്ചവർക്ക് മുഖ്യമന്ത്രി മുൻഗണന നൽകിയില്ലെന്നും ഗവർണർ ആരോപിച്ചു.
ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് അഞ്ച് പേര് അടങ്ങുന്ന പാനലും സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് നാല് പേര് അടങ്ങുന്ന പാനലുമാണ് സെർച്ച് കമ്മിറ്റികൾ തയാറാക്കിയത്. രണ്ട് സെർച്ച് കമ്മിറ്റികളും ഉൾപ്പെട്ട രണ്ട് പേരുണ്ട്.
എന്നാൽ ഒക്ടോബർ 14ന് മുഖ്യമന്ത്രിയുടെ ഓഫീസ് തനിക്ക് കൈമാറിയ പട്ടികയിൽ ഈ രണ്ടുപേർക്കും മുൻഗണന നൽകിയിട്ടില്ല. രണ്ട് പട്ടികയിലും സ്ഥാനംപിടിച്ച ഈ രണ്ട് പേരുമാണ് വൈസ്ചാൻസലർ നിയമനത്തിന് യോഗ്യരായവരെന്നും ഗവർണർ സുപ്രീംകോടതിയിൽ ഫയൽചെയ്ത അപേക്ഷയിൽ പറയുന്നു.
National
ന്യൂഡൽഹി: കേരളത്തിലെ ഡിജിറ്റൽ, സാങ്കേതിക സർവലാശാലകളിലെ വിസി നിയമനങ്ങൾ വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. ജസ്റ്റീസ് ദുലിയ നൽകിയ റിപ്പോർട്ടിൽ തീരുമാനം വൈകുന്നതിലാണ് വിമർശനം. നിയമനത്തിനുള്ള നടപടി വേഗത്തിൽ ആക്കാൻ ജസ്റ്റീസ് ജസ്റ്റീസ് ജെ.ബി. പർദിവാല , ജസ്റ്റീസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശം നൽകി.
ജസ്റ്റീസ് ദുലിയ നൽകിയത് വെറും കടലാസ് കഷണം അല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. എന്നാൽ പൂർണമായി രേഖകൾ കിട്ടിയിട്ടില്ലെന്ന് ഗവർണർ കോടതിയെ അറിയിച്ചു.
സംസ്ഥാന സർക്കാരും ചാൻസലറും തമ്മിലുള്ള തർക്കം കണക്കിലെടുത്ത്, വിസി നിയമനങ്ങൾക്കുള്ള പേരുകളിൽ ചുരുക്കപ്പട്ടിക തയാറാക്കുന്നതിനായാണ് ജസ്റ്റീസ് സുധാംശു ധൂലിയയുടെ നേതൃത്വത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്.
രണ്ടു മാസത്തിനുള്ളിൽ തീരുമാനമെടുക്കണം എന്നായിരുന്നു സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നത്. തീരുമാനം വൈകുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനസർക്കാർ ഈ വിഷയം ഇന്ന് കോടതിക്ക് മുൻപാകെ ഉന്നയിച്ചത്.
National
ന്യൂഡൽഹി: കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം തുടരുന്നതിന് തടസമില്ലെന്ന് സുപ്രീംകോടതി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ വോട്ടർപട്ടിക പരിഷ്കരണം നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നല്കിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.
അതേസമയം, ഹര്‍ജിയില്‍ കോടതി സ്റ്റേ അനുവദിച്ചില്ല. കേരളത്തിന്റെ കേസ് ഡിസംബര്‍ രണ്ടിന് പരിഗണിക്കും. എസ്ഐആറിൽ കേരളത്തിന്റെ സാഹചര്യം വ്യത്യസ്തമാണെന്ന് നീരീക്ഷിച്ച കോടതി കേരളത്തിന്റെ ഹര്‍ജിയില്‍ ഇടപെടണോ എന്ന് അന്നു തീരുമാനിക്കാമെന്നും അറിയിച്ചു. കേരളത്തിലെ വിഷയത്തിൽ തിങ്കളാഴ്ചയ്ക്കുള്ളിൽ സത്യവാങ് മൂലം നൽകണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്കി.
എന്നാൽ കേരളത്തിൽ രാഷ്ട്രീയപാർട്ടികളാണ് പ്രശ്നം ഉണ്ടാക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ വാദിച്ചത്. നടപടികൾ വേഗത്തിൽ നടക്കുകയാണെന്നും ആവശ്യമെങ്കിൽ സത്യവാംഗ്മൂലം സമർപ്പിക്കാമെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. എന്നാൽ കമ്മീഷൻ പറയുന്നതല്ല സാഹചര്യമെന്നായിരുന്നു കേരളത്തിന്റെ എതിർവാദം.
National
ന്യൂഡൽഹി: കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സ്റ്റേയില്ലെന്ന് സുപ്രീം കോടതി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്ഐആർ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച സുപ്രീം കോടതി ഹർജികൾ 26 ന് വിശദമായി പരിഗണിക്കാൻ മാറ്റി. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുകയാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ കേരളത്തിലെ ഹർജികൾ പ്രത്യേകം പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചത്.
ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. കേസിൽ സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി.
നേരത്തെ ബിഹാറിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികളിൽ സ്റ്റേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.
National
ന്യൂഡൽഹി: ഭരണഘടനയും ഡോ. ബി.ആര്. അംബേദ്കറുമാണ് തന്റെ വഴികാട്ടികളെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായ്. തന്റെ വിധികളിലൂടെ പൗരാവകാശമുയർത്തിപ്പിടിക്കാനാണ് ശ്രമിച്ചതെന്നും അധികാര പദവി ജനസേവനത്തിനുള്ള മാർഗമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുനിസിപ്പല്‍ സ്കൂളിന്റെ നിലത്തിരുന്ന് പഠിച്ച ഒരു കുട്ടിക്ക് ഈ പദവി സ്വപ്നം കാണാന്‍ പറ്റുമെന്ന് ഞാൻ കരുതിയിരുന്നില്ല. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ഭരണഘടനയുടെ നാല് തൂണുകളും എന്റെ ജീവിതത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. തന്റെ പ്രയാണത്തിൽ സുപ്രീം കോടതിയിലെ സമൂഹം നൽകിയ പിന്തുണ വലുതാണെന്നും ബി.ആർ. ഗവായ് പറഞ്ഞു.
സുപ്രീം കോടതി അഡ്വക്കറ്റ്സ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷന് (എസ്സിഎഒആര്എ) നല്കിയ യാത്രയയപ്പ് ചടങ്ങിലായിരുന്നു ഗവായിയുടെ വൈകാരിക പ്രസംഗം. ഈ മാസം 23നാണ് ബി.ആര്. ഗവായ് വിരമിക്കുന്നത്. ഇന്നാണ് അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിവസം. സുപ്രീംകോടതി ബാർ അസോസിയേഷന്റെ ഔദ്യോഗികയാത്രയപ്പ് വൈകുന്നേരം നടക്കും. പുതിയ ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സൂര്യകാന്ത് തിങ്കളാഴ്ച സ്ഥാനമേൽക്കും.
National
ന്യൂഡൽഹി: വിവിധ ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളിയതിനൊപ്പം തന്നെ സുപ്രധാന നിരീക്ഷണങ്ങളാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഉയർത്തിയത്.
ബിൽ വന്നാൽ ഗവർണർ അനിയന്ത്രിതമായി പിടിച്ചുവയ്ക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചർച്ചയിലൂടെയും പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.
ആശയവിനിമയം ഇല്ലാതെ പിടിച്ചുവയ്ക്കുന്നത് അഭിലഷണീയമല്ല. ഗവർണർ സാധാരണ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. വിവേചനാധികാരം എന്തിനൊക്കെ ഉപയോഗിക്കാം എന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബില്ലുകളുടെ കാര്യത്തിൽ ഗവർണർക്ക് വിവേചന അധികാരം ഉണ്ട്.
ഗവർണർ അംഗീകാരം നൽകാത്ത ബില്ലുകൾ നിയമസഭയിലേക്ക് തിരിച്ചയക്കുകയാണ് വേണ്ടത്. രാഷ്ട്രപതിക്ക് ഈ ബില്ല് അയക്കുകയോ അല്ലെങ്കിൽ നിയമസഭയിലേക്ക് തിരിച്ചയക്കുകയോ ചെയ്യാനുള്ള വിവേചന അധികാരം ഉണ്ട്. അനിയന്ത്രിതമായി പിടിച്ചു വെക്കാനുള്ള വിവേചന അധികാരം ഇല്ല. സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ലെന്നും ബില്ലുകൾ ഗവർണർ ഒപ്പിടാതെ അംഗീകാരം നൽകുന്നതും ഭരണഘടനാപരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
നിയമസഭ പാസാക്കിയ ബില്ലുകൾ പാസാക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച തമിഴ്നാട് ഗവർണർ കേസിൽ രണ്ടംഗ ബെഞ്ചിന്റെ വിധിയെത്തുടർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു സുപ്രീം കോടതിയോട് ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് ഭരണഘടനാ ബെഞ്ചിന്റെ നിർണായക വിധി വരുന്നത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 143 പ്രകാരം കോടതിയുടെ അഭിപ്രായം തേടിയ രാഷ്ട്രപതി, "ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 200 പ്രകാരം ഒരു ബിൽ അവതരിപ്പിക്കുമ്പോൾ മന്ത്രിസഭ നൽകുന്ന ഉപദേശത്തിന് ഗവർണർ ബാധ്യസ്ഥനാണോ?' എന്ന് ചോദിച്ചിരുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 361 ഉദ്ധരിച്ചുകൊണ്ടാണ് രാഷ്ട്രപതിയോ ഗവർണറോ ഔദ്യോഗിക അധികാരങ്ങളുടെയും കടമകളുടെയും വിനിയോഗത്തിന് ഒരു കോടതിക്കും ഉത്തരം നൽകേണ്ടതില്ലെന്ന് പറയുന്നത്.
ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് വിക്രം നാഥ്, ജസ്റ്റീസ് പി.എസ്.നരസിംഹ, ജസ്റ്റീസ് എ. എസ്. ചന്ദൂർക്കർ എന്നിവരായിരുന്നു മറ്റ് ജഡ്ജിമാർ.
National
ന്യൂഡൽഹി: വിവിധ ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്. സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിനാണ് ബെഞ്ച് മറുപടി നൽകിയത്. ബിൽ ഗവർണർ അനിയന്ത്രിതമായി പിടിച്ചുവയ്ക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു.
ബില്ലുകളില്‍ ഭരണഘടനാപരമായ തീരുമാനം ഗവര്‍ണര്‍ എടുക്കണം. ബില്ലുകളില്‍ തീരുമാനം എടുക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഉപയോഗിക്കാം. ബില്‍ പിടിച്ചുവയ്ക്കുകയല്ല, നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചര്‍ച്ചയിലൂടെയും പ്രശ്നം പരിഹരിക്കുകയാണ് വേണ്ടത്. തീരുമാനം എടുത്തില്ലെങ്കില്‍ ബില്ല് അംഗീകരിച്ചെന്ന് കണക്കാക്കുന്ന നിലപാട് ഭരണഘടനയ്ക്ക് എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി.
രാഷ്ട്രപതിക്ക് ഈ ബില്ല് അയക്കുകയോ അല്ലെങ്കിൽ നിയമസഭയിലേക്ക് തിരിച്ചയക്കുകയോ ചെയ്യാനുള്ള വിവേചനാധികാരം ഉണ്ട്. അനിയന്ത്രിതമായി പിടിച്ചുവയ്ക്കാനുള്ള വിവേചനാധികാരം ഇല്ലെന്നും കോടതി വ്യക്തമാക്കി.
National
ന്യൂഡൽഹി: കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) അടിയന്തരമായി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. അതേസമയം, ഏതു ബെഞ്ചാണ് ഹർജി പരിഗണിക്കുക എന്ന് വ്യാഴാഴ്ച അറിയാം.
സംസ്ഥാന സർക്കാരും സിപിഎമ്മും കോൺഗ്രസും മുസ്ലിം ലീഗുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. അടിയന്തരമായി ഹർജി പരിഗണിക്കണമെന്നാണ് ആവശ്യം. ഇതേത്തുടർന്നാണ് വെള്ളിയാഴ്ച പരിഗണിക്കാൻ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്.
എസ്ഐആറിൽ സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന ചീഫ് സെക്രട്ടറിക്കുവേണ്ടി ഹാജരായത് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആയിരുന്നു. എന്നാൽ, മെൻഷനിംഗിൽ മുതിർന്ന അഭിഭാഷകരെ കേൾക്കാറില്ലെന്ന കാര്യം ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടിയതോടെ, അദ്ദേഹം ഹാരിസ് ബീരാനെ മെൻഷനിംഗിനായി മുന്നോട്ട് നീക്കിനിർത്തുകയായിരുന്നു.
മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കുവേണ്ടിയാണ് രാജ്യസഭാ അംഗം കൂടിയായ ഹാരിസ് ബീരാൻ ഹാജരായത്. ഇതിനിടെ എല്ലാ ഹർജികളും ഒരുമിച്ച് കേൾക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ജി. പ്രകാശ് ഉന്നയിച്ചു. ഇതും കോടതി അംഗീകരിച്ചു.
National
ന്യൂഡല്‍ഹി: കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ അടിയന്തരമായി നിർത്തിവയ്ക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും. ഇതിനിടയില്‍ എസ്ഐആര്‍ നടപ്പാക്കുന്നത് അപ്രായോഗികമാണെന്നും അതിനാല്‍ എസ്ഐആര്‍ നടപടികള്‍ അടിയന്തരമായി നിർത്തിവയ്ക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
എസ്ഐആര്‍ നടപടികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക് സമ്മര്‍ദം താങ്ങാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ഹർജിയിൽ കണ്ണൂർ പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജീവനൊടുക്കിയ സംഭവവും പരാമർശിക്കുന്നുണ്ട്.
രാജ്യസഭാംഗവും അഭിഭാഷകനുമായ ഹാരിസ് ബീരാന് ആണ് ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.
Kerala
തിരുവനന്തപുരം: എസ്ഐആറിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ഒരുകൂട്ടം വോട്ടർമാരെ ബോധപൂർവം നീക്കം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്.
ഫലപ്രദമായി ഫോം വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല. 80 ശതമാനം പൂർത്തിയായെന്നാണ് കമ്മീഷൻ പറയുന്നത്. എത്രത്തോളം നിയമയുദ്ധം നടത്താൻ കഴിയുമോ അത്രയും മുന്നോട്ടു പോകും.
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥ ക്ഷാമം ചൂണ്ടിക്കാട്ടി എസ്ഐആർ നടപടിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ വിഷയത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായുമലിനീകരണ വിഷയത്തിൽ മുന്നറിയിപ്പുമായി സുപ്രീംകോടതി. സ്ഥിതി വളരെ ഗുരുതരമാണെന്നും ഇതു സ്ഥിരമായ നാശം വരുത്തിവയ്ക്കുമെന്നും സുപ്രീംകോടതിയിലെ അഭിഭാഷകർക്ക് കോടതി മുന്നറിയിപ്പു നൽകി.
മലിനീകരണത്തിന്റെ അപകടത്തെക്കുറിച്ചു സൂചിപ്പിച്ച ജസ്റ്റീസുമാരായ പി.എസ്. നരസിംഹയും അതുൽ എസ്. ചന്ദ്രൂക്കറും, അഭിഭാഷകരോട് കോടതിയിൽ നേരിട്ടു ഹാജരാകുന്നത് ഒഴിവാക്കി വീഡിയോ കോണ്‍ഫറൻസിലൂടെ ഓണ്‍ലൈനായി വാദം നടത്താനും ആവശ്യപ്പെട്ടു.
ഒരു വാദംകേൾക്കലിനിടെ, അഭിഭാഷകർ എന്തിനാണ് നേരിട്ട് ഹാജരാകുന്നതെന്നും വെർച്വലായി വാദം കേൾക്കുന്ന സംവിധാനം ഉപയോഗിക്കാനും മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ കോടതി ആവശ്യപ്പെടുകയായിരുന്നു. അഭിഭാഷകർ മാസ്ക് ഉപയോഗിക്കുന്നുണ്ടെന്ന് കോടതിയിലുണ്ടായിരുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞെങ്കിലും മാസ്കുകൾ മാത്രം പോരെന്നും വിഷയം ചീഫ് ജസ്റ്റീസുമായി ചർച്ച ചെയ്യുമെന്നും കോടതി വ്യക്തമാക്കി.
അതിനിടെ, ഡൽഹിയിലെ മലിനീകരണം തുടർച്ചയായ മൂന്നാം ദിവസവും "ഗുരുതര’വിഭാഗത്തിൽ തുടരുകയാണ്. 404 ആയിരുന്നു നഗരത്തിലെ ഇന്നലത്തെ ശരാശരി വായുഗുണനിലവാരം (എക്യുഐ).
National
ന്യൂഡൽഹി: രാജസ്ഥാൻ സർക്കാർ ഈ വർഷം പാസാക്കിയ മതപരിവർത്തന നിരോധന നിയമത്തിനെതിരേ സമർപ്പിച്ച ഹർജിയിൽ സംസ്ഥാനത്തിന്റെ പ്രതികരണം തേടി സുപ്രീംകോടതി.
ഭരണഘടനയെ ചോദ്യം ചെയ്യുന്ന നിരവധി വകുപ്പുകൾ പുതിയ നിയമത്തിലുണ്ടെന്നു ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകൻ ജോണ്‍ ദയാലാണു സുപ്രീംകോടതിയെ സമീപിച്ചത്.
മറ്റു പല സംസ്ഥാനങ്ങളിലും മതപരിവർത്തന നിരോധന നിയമം പാസാക്കിയിട്ടുണ്ടെങ്കിലും രാജസ്ഥാനിലേതു ഭയാനകമാണെന്ന് ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് മുന്‍പാകെ ഹർജിക്കാർ ചൂണ്ടിക്കാട്ടി.
കൂട്ട മതപരിവർത്തനത്തിനുള്ള (രണ്ടിൽ കൂടുതൽ ആളുകൾ) ശിക്ഷ 20 ലക്ഷം രൂപയാണ്. കൂടാതെ 20 വർഷം മുതൽ ജീവപര്യന്തം വരെ തടവും ലഭിക്കാം. നിയമവിരുദ്ധമായി മതംമാറ്റം നടത്തിയെങ്കിൽ അയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്.
ഏതെങ്കിലും ഒരു സ്ഥാപനമാണ് ഇതിനു പിന്നിലെങ്കിൽ അതിന്റെ പ്രവർത്തനം സംസ്ഥാനത്ത് പൂർണമായും റദ്ദാക്കുന്നതിനോ രജിസ്ട്രേഷൻ റദ്ദാക്കുന്നതിനോ അധികാരം നൽകുന്നു. ന്യൂനപക്ഷങ്ങളുടെ ഉപജീവനത്തെയടക്കം രാജസ്ഥാൻ സർക്കാരിന്റെ പുതിയ നിയമം ബാധിക്കുമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: സർവ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് അർഹതപ്പെട്ട തുക ഉടൻ നൽകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. കേരളത്തിലെ റിസോഴ്സ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
അർഹമായ പണംപോലും നൽകുന്നില്ലെന്ന് കേരളം ചൂണ്ടിക്കാട്ടിയപ്പോഴാണ് എസ്എസ്കെ ഫണ്ട് ഉടൻ കൈമാറുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചത്. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടിയാണ് ഇക്കാര്യം കോടതിയിൽ അറിയിച്ചത്.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടാത്തതിനെ തുടർന്നാണ് ഈ ഫണ്ട് കേന്ദ്രം തടഞ്ഞിരിക്കുന്നതെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇത്തരത്തിൽ ഫണ്ടുകൾ തടയുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചത്.
എന്നാൽ സിപിഐയുടെ എതിർപ്പിനെ തുടർന്ന് പദ്ധതി മരവിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ എസ്എസ്കെ ഫണ്ട് കേരളത്തിന് ലഭിക്കുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു.
ഇതിനിടയിലാണ് കേന്ദ്രം എസ്എസ്കെ ഫണ്ട് കൈമാറുമെന്ന് അറിയിച്ചിരിക്കുന്നത്. പത്താം തീയതി ഡല്‍ഹിയിലെത്തി ഫണ്ട് ലഭ്യമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചിരുന്നു.
National
ന്യൂഡൽഹി: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചകൾക്കായി പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. നേരത്തെ ഹർജി നൽകിയ കെ.എ. പോൾ ആണോ എന്ന കോടതിയുടെ ചോദ്യത്തിന് അല്ലെന്നാണ് കേന്ദ്രം മറുപടി നൽകിയത്.
നിമിഷപ്രിയയുടെ മോചനത്തിനായി ചർച്ചകൾ നടക്കുന്നതായും നിലവിൽ വധശിക്ഷയ്ക്ക് സ്റ്റേ നിലവിലുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഇതിനു പിന്നാലെ കേസ് ജനുവരിയിലേക്ക് മാറ്റി.
National
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ നൽകി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. നിയമവുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകളിൽ മാത്രമാണ് സ്റ്റേ അനുവദിക്കാൻ കോടതി തയാറായത്. അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്നും നിയമം പൂര്‍ണമായും സ്റ്റേ ചെയ്യാനാകില്ലെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി.
അഞ്ചുവർഷത്തോളം ഇസ്ലാം മതവിശ്വാസം പിന്തുടരുന്നയാൾക്കു മാത്രമേ വഖഫ് നൽകാൻ കഴിയു എന്ന കേന്ദ്ര നിയമത്തിലെ വ്യവസ്ഥയാണ് പ്രധാനമായും കോടതി സ്റ്റേ ചെയ്തത്. ഒപ്പം വഖഫ് ബോർഡിൽ മുസ്ലിംകളല്ലാത്ത അംഗങ്ങളുടെ എണ്ണം മൂന്നിൽ കൂടുതൽ ഉണ്ടാവരുതെന്നും കോടതി നിരീക്ഷിച്ചു.
മുസ്ലിം ഇതര വിശ്വാസിയെയും വഖഫ് ബോർഡ് സിഇഒ ആക്കാം. നിയമ ഭേദഗതിയുടെ സെക്ഷൻ 3സി പ്രകാരം തർക്ക പ്രദേശങ്ങളിൽ കളക്ടർ ചുമതലപ്പെടുത്തിയ സംഘം അന്വേഷണം തുടങ്ങിയാൽ വഖഫ് ഭൂമി അതല്ലാതാകുമെന്ന വ്യവസ്ഥയും സുപ്രീംകോടതി സ്റ്റേ ചെയ്തു. വഖഫ് നിയമഭേദഗതി ചോദ്യംചെയ്യുന്ന ഹർജികളിലാണ് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിർണായക ഉത്തരവിറക്കിയത്.
നിയമം ഭരണഘടന ലംഘനമാണെന്നും വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനാണ് നീക്കമെന്നും ബോർഡുകളിൽ ഇതരമതസ്ഥരുടെ നിയമനം തെറ്റാണെന്നുമാണ് ഹർജിക്കാർ വാദിച്ചത്. അഞ്ചുവർഷം ഇസ്ലാം മതം അനുഷ്ഠിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, നിയമത്തില്‍ ഭരണഘടനാ വിരുദ്ധതയില്ലെന്നും വഖഫ് ഇസ്ലാമിലെ ആനിവാര്യമായ മതാചാരമല്ലെന്നും സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മതാടിസ്ഥാനത്തിൽ അല്ല തീരുമാനമെന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം.
കഴിഞ്ഞ മേയ് 22 നാണ് നിയമത്തിന്റെ ഭരണഘടനസാധ്യത ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി വിധി പറയാൻ മാറ്റിയത്. അതേസമയം, പുതിയനിയമത്തിലെ വകുപ്പുകളുടെ ഭരണഘടനാസാധുത ചോദ്യംചെയ്യുന്ന മുഖ്യവിഷയം പിന്നിട് പരിഗണിക്കും.
National
ന്യൂഡൽഹി: ആഗോള അയ്യപ്പസംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഡോ.പി.എസ്. മഹേന്ദ്രകുമാറാണ് ഹർജി നൽകിയത്. പമ്പയിൽ ഈ മാസം 20നാണ് സംഗമം.
രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പരിപാടിയെന്നും ഇതിനു ദേവസ്വം ബോർഡിനെ മറയാക്കുന്നതായും ഹർജിയിൽ ആരോപിക്കുന്നു. ആഗോള അയ്യപ്പ സംഗമം അനുവദിച്ച ഹൈക്കോടതി വിധി അപകടകരമായ കീഴ്വഴക്കമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.
ആഗോള അയ്യപ്പസംഗമം തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ സര്‍ക്കാരുകള്‍ക്ക് മതസംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ നടത്താന്‍ കഴിയുമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ആഗോള മതസംഗമം നടത്താന്‍ ചട്ടപ്രകാരം അധികാരമില്ലെന്നും ദേവസ്വം ബോര്‍ഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ ക്ഷേത്ര ഫണ്ട് സംസ്ഥാന സർക്കാർ ഉപയോഗിക്കുന്നുവെന്നും ഹര്ജിക്കാരൻ വാദിക്കുന്നു. പമ്പാ നദിയുടെ തീരം പരിസ്ഥിതി ലോല മേഖലയാണെന്നും അവിടെ സംഗമം നടത്തുന്നത് കോടതി വിധികളുടെ ലംഘനമാകുമെന്നും ഹർജിയിൽ പറയുന്നു.
ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതി നേരത്തേ അനുമതി നൽകിയിരുന്നു. അയ്യപ്പ സംഗമം രാഷ്ട്രീയ പരിപാടിയാണെന്നും പൊതുഖജനാവിൽനിന്നു ഫണ്ട് ചെലവഴിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിച്ചു കൊണ്ടാണ് ജസ്റ്റീസുമാരായ രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുടെ ബെഞ്ച് സംഗമം നടത്താൻ അനുമതി നൽകിയത്.
Kerala
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പുതിയ ഹർജി. സേവ് കേരള ബ്രിഗേഡ് പ്രസിഡന്റ് റസൽ ജോയി ആണ് സുപ്രീംകോടതിയെ സമീപിച്ചത്.
അണക്കെട്ട് സുരക്ഷിതമാണെന്ന റിപ്പോർട്ട് തെറ്റാണ്. അത് ഡീ കമ്മീഷൻ ചെയ്യുന്നതിനായി പരിശോധന നടത്തണമെന്നും അന്താരാഷ്ട്ര ഏജൻസിയെ കൊണ്ട് പരിശോധന നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിന് സുരക്ഷാഭീഷണി ഉണ്ടെന്നത് ആശങ്ക മാത്രമാണെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷണം നടത്തിയിരുന്നു. 135 വർഷത്തെ കാലവർഷം അണക്കെട്ട് മറികടന്നതാണെന്നും സുപ്രീംകോടതി നേരത്തെചൂണ്ടിക്കാട്ടിയിരുന്നു.
National
ന്യൂഡൽഹി: രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീംകോടതിയിൽ കേരളത്തിന്റെ വാദം പൂർത്തിയായി. ഗവർണർ എതിരാളിയല്ലെന്നും ശത്രുത മനോഭാവത്തിൽ അല്ല പ്രവർത്തിക്കേണ്ടതെന്നും കേരളം സുപ്രീം കോടതിയിൽ പറഞ്ഞു.
ദന്തഗോപുരങ്ങളില്‍ വസിച്ച് മാസങ്ങളെടുത്തല്ല നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കേണ്ടതെന്ന് കേരളം വിമർശിച്ചു. നിയമനിര്‍മാണ സഭയുടെ ഭാഗമാണ് ഗവര്‍ണര്‍. അതുകൊണ്ട് തന്നെ സഭ പാസാക്കുന്ന ബില്ലുകളെ സംബന്ധിച്ച കൃത്യമായ ധാരണ ഗവര്‍ണര്‍ക്കും ഉള്ളതാണ്. ഗവര്‍ണര്‍ക്ക് ജനങ്ങളോട് ബാധ്യത ഉണ്ടെന്നും കേരളത്തിനെ പ്രതിനിധീകരിച്ച് കെ.കെ. വേണുഗോപാല്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് മുമ്പാകെ വ്യക്തമാക്കി.
സംസ്ഥാനത്തെ ജനങ്ങളുടെ ഇച്ഛയ്ക്ക് അനുസരിച്ച് വേണം പ്രവർത്തിക്കേണ്ടത്. ബില്ലുകൾ റദ്ദാക്കപ്പെടുമ്പോൾ അതിന്റെ കാരണവും പറയണം. നിയമസഭയുടെ പ്രവർത്തനം അട്ടിമറിക്കാൻ ഗവർണർക്ക് കഴിയില്ല. മന്ത്രിമാരുമായി ബില്ലിനെ കുറിച്ച് സംസാരിച്ചതിനുശേഷം ബിൽ തടഞ്ഞുവയ്ക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും കേരളം വാദത്തിൽ ചൂണ്ടിക്കാട്ടി.
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും, ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി നിയമപരമായി ശരിയാണെന്നും കേരളം കോടതിയില്‍ അഭിപ്രായപ്പെട്ടു.
രാഷ്ട്രപതിയുടെ റഫറന്‍സ് ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായിയുടെ അധ്യക്ഷതയില്‍ ഉള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് പരിഗണിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കെ.കെ. വേണുഗോപാലിന് പുറമെ അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാല കൃഷ്ണ കുറുപ്പ്, സീനിയര്‍ അഭിഭാഷകന് പി.വി. സുരേന്ദ്ര നാഥ്, സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ സി.കെ. ശശി, സീനിയര്‍ ഗവൺമെന്റ് പ്ലീഡര്‍ വി. മനു എന്നിവര്‍ ഹാജരായി.
Kerala
തിരുവനന്തപുരം: കെടിയു, ഡിജിറ്റല്‍ വിസി നിയമന നടപടിയില്‍ നിന്നു മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി.
സെര്‍ച്ച് കമ്മിറ്റിയില്‍ യുജിസി പ്രതിനിധി വേണം. സെര്‍ച്ച് കമ്മിറ്റി പേരുകള്‍ നല്‍കേണ്ടത് ചാന്‍സലർക്കാണ്. വിസി നിയമന പ്രക്രിയയില്‍ നിന്നു മുഖ്യമന്ത്രിയെ ഒഴിവാക്കണം. സുപ്രീംകോടതി ഉത്തരവ് പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടാണ് ഗവര്‍ണര്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഇതോടെ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തുറന്ന പോര് വീണ്ടും മൂര്‍ച്ഛിച്ചിരിക്കുകയാണ്. ഭാരതാംബ വിവാദത്തെ തുടര്‍ന്നാണ് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടങ്ങിയത്.
National
ന്യൂഡൽഹി: ബിഹാർ എസ്ഐആറില്‍ തുടർന്നും പരാതികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നല്കി സുപ്രീം കോടതി. പരാതികൾ സ്വീകരിക്കുന്നതിൽ വീഴ്ചയുണ്ടെന്ന് വിമർശിച്ച കോടതി പരാതികൾ നല്കാൻ രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ സഹായിക്കണമെന്നും നിർദേശിച്ചു.
കോടതി നിർദേശത്തിനു പിന്നാലെ, സെപ്റ്റംബർ ഒന്നിനു ശേഷവും പരാതികൾ സ്വീകരിക്കാമെന്ന് കമ്മീഷൻ കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ തിരുത്തലുകൾക്ക് അവസരമുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.
വിഷയത്തിൽ എതിർപ്പുകളും അവകാശവാദങ്ങളും സമർപ്പിക്കാൻ വോട്ടർമാരെ സഹായിക്കുന്നതിന് പാരാ ലീഗൽ വോളണ്ടിയർമാരെ നിയോഗിക്കാൻ കോടതി തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ബിഹാർ ലീഗൽ സർവീസ് അതോറിറ്റിയുടെ മുൻ ചെയർമാന് കോടതി നിർദേശം നല്കി.
National
കൊച്ചി: പാലിയേക്കരയിൽ വീണ്ടും ടോൾ പിരിവിന് അനുവദിക്കണമെന്ന് ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം തള്ളി ഹൈക്കോടതി. സെപ്റ്റംബർ ഒൻപത് വരെ ടോൾ പിരിവ് പാടില്ലെന്ന് കോടതി ഉത്തരവിട്ടു. സർവീസ് റോഡ് നന്നാക്കിയെന്ന എൻഎച്ച്എഐയുടെ ന്യായീകരണം തള്ളിയാണ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ടോൾ പിരിവിന് അനുമതി നിഷേധിച്ചത്.
സര്‍വീസ് റോഡുകള്‍ നന്നാക്കിയെന്ന് ചൂണ്ടിക്കാട്ടിയ എന്‍എച്ച്എഐ ഏതാനും ചിത്രങ്ങളും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ റോഡ് നിര്‍മ്മാണം മന്ദഗതിയിലാണ് നടക്കുന്നതെന്നും, സര്‍വീസ് റോഡുകള്‍ ഇതുവരെയും പൂര്‍ണമായും നവീകരിച്ചിട്ടില്ലെന്നും, വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നതുകൊണ്ടാണ് ഗതാഗതക്കുരുക്കിന് നേരിയ ശമനം ഉള്ളതെന്നും കോടതി നിയോഗിച്ച മൂന്നംഗ സമിതി ഹൈക്കോടതിയെ അറിയിച്ചു.
ഇതിനു പിന്നാലെ കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി. ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മൂന്നംഗ സമിതി വീണ്ടും സ്ഥലത്തെത്തി പരിശോധിച്ച് ഒരു റിപ്പോർട്ട് കൂടി സമർപ്പിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി നൽകിയ റഫറന്‍സിന് പിന്നിൽ കേന്ദ്രസർക്കാരെന്ന് കേരളം സുപ്രീം കോടതിയിൽ. സുപ്രിംകോടതി വിധി മറികടക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ ശ്രമമെന്നും കേരളത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ വാദിച്ചു.
എത്രയും വേഗം എന്നതിന് സമയപരിധി ആവശ്യമാണ്. മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കുക എന്നതാണ് രാഷ്ട്രപതിയുടെ ചുമതല. അതിനെ മറികടന്ന് പോകുക എന്നതല്ലെന്നും കേരളം വാദിച്ചു. അതേസമയം, രാഷ്ട്രപതിയുടെ റഫറൻസ് നിയമപരമായി നിലനിൽക്കില്ലെന്നാണ് തമിഴ്നാടിന് വേണ്ടി വാദിക്കുന്ന അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.
രാഷ്ട്രപതി നൽകിയ റഫറൻസ് നിലനിൽക്കുമോ എന്നുള്ളതിലാണ് ഇപ്പോൾ വാദം നടക്കുന്നത്. ഈ റഫറൻസ് നിലനിൽക്കില്ല എന്ന വാദമാണ് കേരളവും തമിഴ്നാടും സുപ്രീംകോടതിയിൽ ഉന്നയിക്കുന്നത്.
അതേസമയം, റഫറന്‍സ് അയക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. കേന്ദ്ര സർക്കാരിനായി എജിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയുമാണ് വാദിക്കുന്നത്.
Kerala
ന്യൂഡൽഹി: തൃശൂർ പാലിയേക്കരയിലെ ടോൾ വിഷയത്തിൽ ദേശീയപാതാ അതോറിറ്റിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. പാലിയേക്കരയിലെ റോഡിന്റെ മോശം അവസ്ഥ തങ്ങൾക്ക് നേരിട്ട് അറിയാമെന്ന് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് കെ.വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
പാലിയേക്കരയിൽ നാലാഴ്ചത്തേക്ക് ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദേശീയപാതാ അതോറിറ്റി സമർപ്പിച്ച അപ്പീലിലാണ് ബെഞ്ചിന്റെ പരാമർശം.
പാലിയേക്കര വഴി താനും യാത്രചെയ്തിട്ടുണ്ടെന്നും ഇത്രയും മോശം സാഹചര്യത്തിലുള്ള റോഡിൽ എങ്ങനെയാണ് ടോൾ പിരിക്കുകയെന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു. ജനങ്ങളിൽനിന്ന് ടോൾ വാങ്ങി അവർക്ക് അതിന്റെ സേവനം നൽകാതിരിക്കലാണിത്. റോഡ് പണി പൂർത്തിയാക്കാതെ നിങ്ങൾക്ക് എങ്ങനെ ടോൾ പിരിക്കാനാകുമെന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു
ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കു പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ടോള്‍ പിരിവ് നാലാഴ്ചത്തേത്ത് നിര്‍ത്തിവച്ചത്.
National
ന്യൂഡൽഹി: ദേശീയ തലസ്ഥാന മേഖലയിലെ തെരുവു നായ്ക്കളുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച നിർദേശങ്ങൾ സ്റ്റേ ചെയ്യണമെന്ന ഹർജിയിൽ വിധി പറയുന്നത് മാറ്റിവച്ചു.
ഡൽഹി-ദേശീയ തലസ്ഥാന മേഖലയിലെ തെരുവ് നായ്ക്കളുടെ മുഴുവൻ പ്രശ്നത്തിനും കാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിഷ്ക്രിയത്വമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മുൻ ഉത്തരവ് പരസ്യമാകുന്നതിന് മുമ്പ് തന്നെ പല പ്രദേശങ്ങളിലെയും അധികാരികൾ മൃഗങ്ങളെ പിടികൂടാൻ തുടങ്ങിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
രാജ്യത്ത് ഒരു വർഷത്തിനിടെ 37 ലക്ഷത്തിലധികം നായ്ക്കളുടെ കടിയേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഡൽഹി സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
ഡൽഹി-ദേശീയ തലസ്ഥാന മേഖലയിലെ തെരുവുനായ്ക്കളെ എത്രയും വേഗം പിടികൂടി എട്ട് ആഴ്ചയ്ക്കുള്ളിൽ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് ഓഗസ്റ്റ് 11 ന് സുപ്രീം കോടതി പുറപ്പെടുവിച്ചത്.
National
ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടിക വിവാദത്തിൽ സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും. വിഷയത്തിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ വാദം ഇന്ന് ആരംഭിക്കും.
വോട്ടർപട്ടികയിൽ തീവ്രപരിഷ്കരണം നടത്തുന്നതിന് തെരഞ്ഞെടുപ്പു കമ്മീഷന് പ്രത്യേക അധികാരമില്ലെന്നും നടപടി റദ്ദാക്കണമെന്നുമാണ് ഹർജിക്കാർ ബുധനാഴ്ച കോടതിയിൽ വാദിച്ചത്. പരിഷ്കരണം എങ്ങനെ നടത്തണമെന്നു തെരഞ്ഞെടുപ്പു കമ്മീഷന് തീരുമാനിക്കാൻ സാധിക്കില്ലേയെന്നു ഹർജിക്കാരോട് ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരടങ്ങിയ ബെഞ്ച് ചോദ്യങ്ങൾ ഉന്നയിച്ചു.
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 21 (3) പ്രകാരം തെരഞ്ഞെടുപ്പു കമ്മീഷന് എപ്പോൾ വേണമെങ്കിലും ഒരു നിയോജകമണ്ഡലത്തിൽ ഉചിതമെന്നു തോന്നുന്ന രീതിയിൽ വോട്ടർപട്ടികയുടെ പ്രത്യേക പരിഷ്കരണത്തിന് നിർദേശിക്കാൻ സാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. ഹർജിക്കാരുടെ വാദം ബുധനാഴ്ച അവസാനിച്ചു.
National
ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വിസി നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ. സംസ്ഥാന സർക്കാരിന്റെ ശിപാർശ തള്ളി സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും താത്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച ഗവർണറുടെ നടപടി ഏകപക്ഷീയവും ചട്ടവിരുദ്ധവുമാണെന്ന് കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സുപ്രീംകോടതി നിർദേശിച്ച നടപടിയല്ല ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടായത്. സർക്കാരുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായാണ് ഗവർണർ തീരുമാനമെടുത്തതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. കേസ് ബുധനാഴ്ച പരിഗണിക്കും.
ഡോ.സിസ തോമസിനു ഡിജിറ്റൽ സർവകലാശാലയിലും കെ.ശിവപ്രസാദിനു സാങ്കേതിക സർവകലാശാലയിലും (കെടിയു) താത്കാലിക വിസിമാരായി ആറു മാസത്തേക്കു കൂടി പുനർനിയമനം നൽകി ഗവർണർ വിജ്ഞാപനമിറക്കിയിരുന്നു.
എന്നാൽ, താത്കാലിക വൈസ് ചാൻസലർ നിയമനം നടത്തേണ്ടത് സാങ്കേതിക സർവകലാശാല ആക്ടിന്റെ 13 (7) വകുപ്പ് പ്രകാരവും, ഡിജിറ്റർ സർവകലാശാല ആക്ടിന്റെ 11 (10) പ്രകാരവും ആണെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്. ഈ വകുപ്പ് നേരത്തെ കേരള ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. ഈ വകുപ്പുകൾ പ്രകാരം സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്നാകണം ചാൻസലർ ആയ ഗവർണർ നിയമനം നടത്തേണ്ടത് എന്നാണ് കേരളം ചൂണ്ടിക്കാട്ടുന്നത്.
National
ന്യൂഡൽഹി: യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ശിക്ഷ ഒഴിവാക്കാന്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ദയാധനം സ്വീകരിക്കുന്നതില്‍ ഉൾപ്പെടെ സർക്കാരിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
ജൂലൈ 16ന് നിമിഷയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് വിവരം. ഈ സാഹചര്യത്തിൽ നിമിഷ പ്രിയയെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടൽ തേടി ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ഒത്തുതീർപ്പ് ചർച്ചകളിൽ കേന്ദ്രം കുറേക്കൂടി പങ്കാളികളാകണമെന്ന് ഹർജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. അത് ചെയ്യുന്നുണ്ടെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.
അതേസമയം കേസിന്റെ സാഹചര്യം പരിഗണിക്കുന്പോൾ വധശിക്ഷ നടപ്പായാല്‍ ദുഃഖകരമെന്ന് കോടതി നിരീക്ഷിച്ചു. നല്ലത് സംഭവിക്കട്ടെയെന്ന് കരുതി കാത്തിരിക്കാമെന്നും കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിക്കൊണ്ട് കോടതി പറഞ്ഞു.
2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന് തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്.
National
ന്യൂഡൽഹി: ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്കരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുമായി സുപ്രീംകോടതി. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്കരണം എന്തിനെന്ന് കോടതി ചോദിച്ചു.
ജസ്റ്റിസ് സുധാന്‍ഷു ധുലിയ, ജോയ്മല്യ ബാഗ്ചി എന്നവരടങ്ങിയ ബെഞ്ചാണ് വോട്ടര്‍പട്ടിക പുതുക്കലിനെതിരെ എത്തിയ ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങളെ പൗരത്വം തെളിയിക്കാൻ നിർബന്ധിക്കുകയാണ്. പൗരത്വം തീരുമാനിക്കേണ്ടത് കമ്മീഷൻ അല്ലെന്നും കോടതി പറഞ്ഞു.
എന്നാൽ ആധാർ പൗരത്വ രേഖയായി കണക്കാക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വാദിച്ചു. വോട്ടര്‍ പട്ടികയില്‍ അന്തിമ തീരുമാനമെടുക്കും മുന്‍പ് പൂര്‍ണവിവരങ്ങള്‍ സുപ്രിംകോടതിയെ അറിയിക്കാമെന്നും കമ്മീഷൻ വ്യക്തമാക്കി.
ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ വലിയ തോതില്‍ ആളുകളെ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കുകയും ചെയ്തിട്ടുണ്ടെന്നും അത് വോട്ടര്‍ പട്ടികയില്‍ ഇരട്ടിപ്പിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞമാസം പ്രത്യേക വോട്ടര്‍പട്ടിക പരിഷ്കരണത്തിന് കമ്മീഷന് ഉത്തരവിട്ടത്. തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എന്നിവർ അടക്കമുള്ളവരാണ് ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചത്.